തിരുവനന്തപുരം : അൻപതാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്ക്കാരം ഡോ. ആർ. രാജശ്രീയുടെ ആത്രേയകത്തിന്. ഒരു ലക്ഷം രൂപ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് അവാർഡ്.
തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ വെച്ചായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായ കൃതി എന്ന നിലയിലാണ് ‘ആത്രേയകം’ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. മാതൃഭൂമി ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
കവയിത്രി ഒ. വി. ഉഷ, പ്രമുഖ നോവലിസ്റ്റും വയലാർ അവാർഡ് ജേതാവുമായ സുഭാഷ് ചന്ദ്രൻ, നിരൂപകൻ വിജയകുമാർ എന്നിവരടങ്ങുന്ന പ്രഗൽഭ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. അവസാനഘട്ടത്തിൽ പരിഗണിച്ച കൃതികളെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഏകകണ്ഠമായാണ് ജൂറി ‘ആത്രേയകം’ തെരഞ്ഞെടുത്തത്.
മഹാഭാരതത്തെ ഉപജീവിച്ച് രചിക്കപ്പെട്ട മലയാളത്തിലെ പ്രശസ്തമായ മറ്റ് കൃതികളുടെ നിരയിലേക്ക് ചേർത്തു വെക്കാവുന്ന മികച്ച രചനയാണ് ‘ആത്രേയകം’ എന്ന് ജൂറി വിലയിരുത്തി. മഹാഭാരതത്തിലെ അധികം വെളിച്ചം വീഴാത്ത അല്ലെങ്കിൽ എത്തിച്ചേരാൻ പ്രയാസമുള്ള തലങ്ങളെയാണ് ഈ നോവലിലൂടെ എഴുത്തുകാരി ആവിഷ്കരിച്ചിരിക്കുന്നത്. വായനക്കാർക്കിടയിൽ ഇതിനോടകം തന്നെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട കൃതി കൂടിയാണിത്.
വയലാർ രാമവർമ്മയുടെ അന്തരണത്തിനും വയലാർ അവാർഡിനും 50 വർഷം തികയുന്ന വേളയിൽ ‘വയലാർ വർഷം’ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പുരസ്കാര പ്രഖ്യാപനം.
