തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും, വിഷയത്തിൽ അടിയന്തര ശ്രദ്ധയും കർശന ഇടപെടലും വേണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം ആരംഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പോലീസിന്റെ അനുമതിയുണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പിണറായി ചൂണ്ടിക്കാട്ടി. സംഘർഷം നോക്കിനിൽക്കുകയല്ലാതെ അക്രമികളെ തടയാൻ പോലീസ് തയ്യാറായില്ല. ഇത് ഗുരുതരമായ കൃത്യവിലോപമാണ്. പൊലീസ് തേർവാഴ്ചക്കെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയപ്പോൾ, യൂത്ത് കോൺഗ്രസിനോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്നുള്ള എസ്.ഐയുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് വിഘാതമുണ്ടാക്കും. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാവണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *