തലശേരിയിൽ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തിൽ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.ചോദ്യം ചെയ്യലിന് ശേഷം ശിഹ്ഷാദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് എടുക്കാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചിരുന്നു. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ​ഗണേഷ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.കേരത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിച്ചു. സമീപത്തെ പാരലല്‍ കോളേജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.സംഭവത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ സംഭവം. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും’. മന്ത്രി പ്രതികരിച്ചു.പ്രതിയുടെ വാഹനം പോലീസ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *