ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെ പരസ്യമായി തുറന്നടിച്ച സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും അപമാനം നേരിട്ടുവെന്നുമുള്ള സന്ദീപ് വാര്യരുടെ ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പാലക്കാട് ബിജെപി ഓഫീസിൽ അടിയന്തര യോഗം ചേരുകയാണ്.സന്ദീപ് വാര്യരുടെ തുറന്നുപറച്ചിലിൽ ഫേയ്സ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം. പോസ്റ്റ് വായിച്ചശേഷം മറുപടി പറയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ ഫേസ്ബുക്ക് പോസ്റ്റിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എഫ്ബി പോസ്റ്റിൽ അപാകത ഉണ്ടെങ്കില്‍ വീണ്ടും മാധ്യമങ്ങളെ കാണുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫേയ്സ്ബുക്ക് പോസ്റ്റിലെ തുറന്ന വിമര്‍ശനത്തിൽ നടപടിയുണ്ടായേക്കുമെന്ന സൂചനയാണ് ഈ പ്രതികരണത്തിലൂടെ കെ സുരേന്ദ്രൻ നൽകിയത്.ബിജെപി ഓഫീസിൽ ചേരുന്ന യോഗത്തിൽ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഓഫീസിലെത്തിയിട്ടുണ്ട്. അതേസമയം, ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് സി. കൃഷ്ണകുമാർ പ്രതികരിച്ചു. സന്ദീപിന്‍റെ എഫ്ബി പോസ്റ്റ് കണ്ടില്ല. വായിച്ചിട്ട് മറുപടി പറയും.പ്രശ്നങ്ങൾ സന്ദീപുമായി തന്നെ ചർച്ച ചെയ്യും. സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ വിളിച്ചിരുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു. അമ്മ മരിച്ചപ്പോള്‍ വിളിക്കുകപോലും ചെയ്തില്ലെന്നായിരുന്നു സന്ദീപിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *