ശശി തരൂരിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. തരൂരിന് ഏത് സമയവും എൻസിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാർട്ടിയാണ് കോൺഗ്രസെന്നും പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ശശി തരൂരിന് നൽകാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു. ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തിൽ തരൂർ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കൾ അഴകൊഴമ്പൻ നിലപാടെടുക്കുമ്പോൾ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോൺഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ പ്രതികരിച്ചു.

അതേസമയം ഡിസിസികളെ അറിയിക്കാതെ സന്ദർശനം നടത്തുന്നു എന്ന വിവാദങ്ങൾക്കിടെ തരൂർ ഇന്ന് പത്തനംതിട്ടയിൽ എത്തി. പന്തളം, അടൂർ എന്നിവിടങ്ങളിലാണ് ശശി തരൂർ സന്ദർശനം നടത്തിയത്. അടൂരിൽ പങ്കെടുക്കുന്ന ബോധി ഗ്രാമിന്റെ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തരൂരിന്റെ സാന്നിധ്യം പരിപാടിക്ക് ഏറെ രാഷ്ട്രീയ മാനമാണ് നൽകുന്നത്. തരൂർ പങ്കെടുക്കുന്ന പരിപാടികൾ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബഹിഷ്‌കരിച്ചു.

വിവാദങ്ങൾക്ക് മൂർച്ചകൂട്ടി കൊണ്ടാണ് ശശി തരൂർ ഇന്ന് പത്തനംതിട്ടയിലെത്തിയത്. അടൂർ ബോധിഗ്രാമിൽ നടക്കുന്ന സെമിനാറിൽ തരൂർ പങ്കെടുക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ല എന്നാണ് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പറയുന്നത്. തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ല എന്നും ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വവും തരൂരിന്റെ പരിപാടിയോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥൻ, ഡിസിസി മുൻ പ്രസിഡന്റ് പി മോഹൻരാജ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

രാഷ്ട്രീയം ഇല്ലാത്ത പരിപാടിക്കാണ് താൻ അടൂരിൽ എത്തിയതെന്നാണ് തരൂർ പറയുന്നത്. എന്നാൽ ഈ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്ന ജില്ലയിൽ തരൂരിന്റെ സന്ദർശനത്തോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുമെന്ന സൂചനയാണ് ഉള്ളത്. ജില്ലയിൽ ദുർബലമായ ഐ വിഭാഗം പരിപാടികളിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുകയും ചെയ്യുനുണ്ട്. ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ തരൂരിന്റെ ഇന്നത്തെ സന്ദർശനം എന്തുമാറ്റം ഉണ്ടാക്കി എന്നതാണ് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *