തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഹരിദാസും വിജയനും റോഡിനു സമീപത്തെ താഴ്ചയിലേക്കു വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു.
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് താഴ്ചയില്‍ രണ്ടു പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
