തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കുറ്റം സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടിയാണ് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയതെന്നും യൂത്ത് കോണഗ്രസ് നേതാവിന്റെ മൊഴി. സി ആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിക്കാനാന്‍ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് ജയ്‌സണ്‍ മുകളേല്‍ പൊലീസിന് മൊഴി നല്‍കി. തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ് ജയ്‌സണ്‍.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ ഇലക്ഷന്‍ ഐഡി കാര്‍ഡ്് നിര്‍മ്മിച്ച കേസില്‍ നിര്‍ണായ മൊഴിയാണ് പൊലീസിന് ലഭിച്ചത്. സി ആര്‍ കാര്‍ഡ് ആപ്പ് തയ്യാറാക്കിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയാണ് ജയ്‌സണ്‍ മുകളേല്‍ നല്‍കിയത്. സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും ജയ്‌സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ചില്ലെന്നാണ് ജെയ്‌സന്റെ മൊഴി. കേസിലെ ആറാം പ്രതി കൂടിയാണ് ജയ്‌സണ്‍.