ജയമോ, തോൽവിയോ അല്ല മത്സരത്തിൽ പങ്കെടുക്കുകയാണ് വലുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കലോൽസവ വേദി സന്ദർശനത്തിലാണ് താരത്തിന്റെ പ്രതികരണം. ഉണ്ണിമുകുന്ദനൊപ്പം മാളികപ്പുറം സിനിമയിലെ കുഞ്ഞു താരങ്ങളായ ദേവനന്ദയും ശ്രീപദും വേദിയിലെത്തി.
‘കോഴിക്കോട് കലോത്സവത്തിൽ വരാൻ പറ്റിയതിൽ വലിയ സന്തോഷം. വളരെ വലിയ പോസറ്റീവ് എനർജിയാണ് ചുറ്റും. ഗുജറാത്തിൽ ആയത് കൊണ്ട് കലോത്സവം പോലുള്ള പരിപാടികൾ അവിടെ ഉണ്ടാകാറില്ല. ഇതുപോലുള്ള കലോത്സവങ്ങളാണ് നാളത്തെ സിനിമ താരങ്ങളെയും, കലാകാരന്മാരെയും സൃഷ്‌ടിക്കുക.
മാതാപിതാക്കളുടെ പിന്തുണയാണ് കുട്ടികൾക്ക് ആവശ്യം. അത് എപ്പോഴും നൽകുക. വരും കാലത്തെ തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങളാണ് അവരെ വാർത്തെടുക്കുന്നത്. ലൈഫിൽ കിട്ടുന്ന നല്ല ഓർമ്മകളാകും ഇത്. എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
