അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കുകയാണ്. ഇതുവരെ 151 മത്സര ഇനങ്ങൾ പൂർത്തിയായിട്ടുണ്ട്. മത്സര ഇനങ്ങൾ സമയ ബന്ധിതമായി ആരംഭിക്കുവാനും, പൂർത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തൽ ഉൾപ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒന്നാം ദിനം പങ്കെടുത്ത കുട്ടികൾ : 2309
രണ്ടാം ദിനം പങ്കെടുത്ത കുട്ടികൾ : 2590
മൂന്നാം ദിനം പങ്കെടുക്കുന്ന കുട്ടികൾ : 2849
നാലാം ദിനം പങ്കെടുക്കുന്ന കുട്ടികൾ : 2161
അഞ്ചാം ദിനം പങ്കെടുക്കുന്ന കുട്ടികൾ : 499
മുൻ വർഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുവരെ ലഭിച്ചത് 301 ലോവർ അപ്പീലുകളാണ്.
ഡി.ഡി.ഇ – 222
ഹൈക്കോടതി – 7
ജില്ലാകോടതി – 23
മുൻസിഫ് കോടതികൾ – 48
ലോകായുക്ത – 1
എന്നിങ്ങനെയാണ് അപ്പീലുകൾ ലഭിച്ചിട്ടുളളത്.
ഹയർ അപ്പീലിൽ 93 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 63 എണ്ണത്തിൻറെ ഹിയറിംഗ് കഴിഞ്ഞിട്ടുണ്ട്.
വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ നൽകി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30,000 ആളുകൾക്കും രണ്ടാം ദിനം 40,000 ആളുകൾക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകൾക്കും ഭക്ഷണം നൽകിയിട്ടുണ്ട്.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ 3 മുതൽ 6-ാം തീയതി വരെ നടക്കുന്ന സാംസ്ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. 6-ാം തീയതിവരെയുളള സാംസ്ക്കാരിക സായാഹ്നത്തിൽ ശ്രീ.കൈതപ്രം ദാമോതരൻ നമ്പൂതിരി, ശ്രീ.സുനിൽ പി.ഇളയിടം, ശ്രീ.ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് കലാപരിപാടികൾ അരങ്ങേറുന്നുണ്ട്.
കലാമത്സരങ്ങൾ വീക്ഷിക്കുന്നതിനായി അത്ഭുത പൂർവ്വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനപ്രതിനിധികൾ, പൗരപ്രമുഖർ, വിവിധ വകുപ്പുകൾ, പൊതു ജനങ്ങൾ, എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിട്ടുളളത്. കോഴിക്കോടിൻറെ മുഴുവൻ സ്നേഹവും, ആതിഥ്യവും മേളയിൽ പ്രകടമാണ്. കോഴിക്കോടിൻറെ ജനങ്ങൾ ഹൃദയത്തിലേറ്റിയ മേളയാണ് 61-ാമത് സ്ക്കൂൾ കലോത്സവം.
