അഞ്ചൽ കൊലക്കേസിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ കൊലപാതകം ആസൂത്രണംചെയ്തു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷാണ് അവിടെയെത്തി പരിചയപ്പെട്ടത്. ഇവരെ വാടകവീട്ടിലേക്ക് മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെയാണെന്നും ദിബിൽ വെളിപ്പെടുത്തി.

കഴിഞ്ഞദിവസമാണ് അമ്മയെയും 17 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ പുതുച്ചേരിയിൽ സി.ബി.ഐ.യുടെ പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം രണ്ടുവർഷമാണ് പ്രതികൾ ഇന്ത്യ മുഴുവൻ കറങ്ങിയത്. 2008-ലാണ് പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ താമസം ആരംഭിച്ചത്. ഇവിടെ കുടുംബജീവിതം നയിച്ചുവരവേ സി.ബി.ഐ. ചെന്നൈ യൂണിറ്റാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.2006 ഫെബ്രുവരി 10-നാണ്‌ അഞ്ചൽ അലയമൺ രജനിവിലാസത്തിൽ രഞ്ജിനിയെയും 17 ദിവസം പ്രായമുള്ള ഇരട്ട പെൺകുഞ്ഞുങ്ങളെയും ഏറത്തെ വാടകവീട്ടിൽ കൊലചെയ്യപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദിവിൽകുമാർ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഗർഭിണിയാക്കി കടന്നുകളഞ്ഞെന്ന്‌ ആരോപിച്ച് രഞ്ജിനി വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ദിവിലിനെ നാട്ടിലെത്തിച്ച് പിതൃത്വപരിശോധനയ്ക്കു വിധേയമാക്കണമെന്ന്‌ വനിതാ കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ, ദിവിൽകുമാർ ഹാജരായില്ല.

പ്രസവത്തിനായി തിരുവനന്തപുരത്തെ എസ്.എ.ടി. ആശുപത്രിയിലെത്തിയ രഞ്ജിനിയെയും അമ്മയെയും അനിൽകുമാറെന്ന പേരിൽ രാജേഷ്‌ പരിചയപ്പെട്ടു. പിന്നീട്‌ വീട്ടിലെത്തി കൊലപ്പെടുത്തി. തുടർന്ന് ഉത്തരേന്ത്യയിലെത്തിയ ഇരുവരെയും പിന്തുടർന്ന് പോലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. രഞ്ജിനിയുടെ അമ്മയുടെ പരാതിയിലാണ്‌ സി.ബി.ഐ. അന്വേഷണത്തിന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. ഇരുവരേയും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *