കോഴിക്കോട്: മൈസൂരിൽ നിന്നും ബിയർ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളി ജങ്‌ഷനിലാണ് ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി അഖിൽ കൃഷ്‌ണൻ (29) മരിച്ചു. ലോറിക്കിടയിൽ കുടുങ്ങിയ അഖിൽ കൃഷ്‌ണനെ വെള്ളിമാട്‍കുന്ന് ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 700 കേയ്‌സ് ബിയറുമി കോഴിക്കോട് ബീവറേജിലേക്ക് വന്ന ലോറിഎതിർ ദിശയിൽ വന്നകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി റോഡരികിലെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.

പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. 200 ലേറെ കേയ്‌സ് ബിയർ കുപ്പികൾ റോഡിൽ വീണ് പൊട്ടിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരം പുലർന്നതോടെ ബിയർ കുപ്പികൾ കൈക്കലാക്കാൻ ജനങ്ങൾ എത്തിയതോടെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബിയർ കുപ്പികൾക്ക് കാവൽ നിൽക്കുകയാണ്. മറ്റൊരു ലോറി എത്തിച്ചു പൊട്ടാത്ത കുപ്പികൾ പുതിയ കേയ്‌സിലേക്ക് മാറ്റുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

അപകടത്തെ തുടർന്ന് ലോറിയിൽ ഉണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിൽ ചിതറി വീഴുകയായിരുന്നു. കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയ കുപ്പി ചില്ലുകൾ ഏറെനേരം പരിശ്രമിച്ച് നീക്കം ചെയ്‌താണ് ഗതാഗതം പുനസ്ഥാപിച്ചത്. എത്രത്തോളം ബിയർ കുപ്പികൾ പൊട്ടിയിട്ടുണ്ട് എന്ന കണക്ക് വ്യക്തമല്ല. പ്രദേശത്ത് നേരിയ രീതിയിൽ ഗതാഗത തടസവും ജനക്കൂട്ടവുമുണ്ട്. പൊലീസ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *