ഗതാഗതം നിരോധിച്ചു
എകരൂല്‍ കാക്കൂര്‍ റോഡില്‍ ഇയ്യാട് കലുങ്ക് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഇയ്യാട് മങ്ങാട് റോഡുവഴിയും, ഏഴുകുളം കരിയാത്തന്‍കാവ് റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരാഫെഡിന്റെ 24ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് പങ്കെടുക്കുന്ന അംഗസംഘങ്ങളുടെ പ്രതിനിധികള്‍ക്ക് നല്‍കുവാന്‍ വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കേരാഫെഡ് ഹെഡ് ഓഫീസിലേക്ക് നല്‍കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14 വൈകുന്നേരം 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0471 2320504
അഴിയൂരില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു
അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു. ശ്മശാനത്തിന് വിലങ്ങു തടിയായ വഴി പ്രശ്നത്തിന് പരിഹാരമായി.
അഞ്ച് ഭൂവുടമകളില്‍ നിന്ന് നാട്ടുകാരുടെ സഹായത്താല്‍ സ്ഥലം വിലക്ക് വാങ്ങി പ്രശ്നം പരിഹരിക്കുകയായിരുന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് പിരിച്ചെടുത്ത തുക ഭൂവുടമകള്‍ക്ക് കൈമാറി.
പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നായി 4,87,850 രൂപ പിരിഞ്ഞു കിട്ടി. അഞ്ച് ഭൂവുടമകള്‍ക്കുമായി 75,000 രൂപ വീതം ആകെ 3,75,000 രൂപ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ കൈമാറി. നോട്ടറി വക്കീല്‍ മുഖേന സ്ഥലത്തിന്റെ രേഖകള്‍ ഭൂവുടമകള്‍ ഒപ്പിട്ട് പഞ്ചായത്തിന് നല്‍കുകയും ചെയ്തു.
95 ലക്ഷം രൂപയാണ് ശ്മശാനത്തിന്റെ നിര്‍മ്മാണച്ചെലവ്. ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച 40 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡും ഉപയോഗിച്ചാണ് നിര്‍മ്മാണം. പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ച്് ആധുനിക സംവിധാനത്തോടെയുള്ളതാണ് ശ്മശാനം.
പണം നല്‍കുന്ന ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ശ്മശാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മുന്‍ ജനപ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.
വനിതാ ദിനാചരണം: വനിതാ പാര്‍ലമെന്റ് ഇന്ന്
- വിവിധ രംഗങ്ങളിലെ സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശിയ വനിതാ കമ്മിഷനും കേരള വനിത കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതാ പാര്‍ലമെന്റ് ഇന്ന് (മാര്‍ച്ച് 6) കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ 500 ലേറെ വനിതകള്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു.
രാഷ്ട്രീയം, വിദ്യാഭ്യാസം, നിയമ പരിപാലനം, നിയമങ്ങളിലെ സ്ത്രീപക്ഷ വീക്ഷണം, സാഹിത്യം, സിനിമ, കല, കായികം, പോഷകാഹാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും, സ്ത്രീ ശാക്തീകരണത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് അതത് മേഖലയിലെ വിദഗ്ധര്‍ വനിതാ പാര്‍ലമെന്റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ വനിതകളെ ആദരിക്കല്‍, 2021-ലെ മാധ്യമ പുരസ്‌കാര വിതരണം, മൂന്ന് വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയുള്ള തെരുവ് നാടകങ്ങള്‍, കഴിഞ്ഞ 25 വര്‍ഷത്തെ വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും ആസ്പദമാക്കി കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം, സാംസ്‌കാരിക സദസ്സ്, രാത്രി നടത്തം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
രാവിലെ 10 ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, മേയര്‍ ഡോ. ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ, മുന്‍ എം.പി സി.എസ് സുജാത, ദി വീക്ക് കേരള കറസ്പോണ്ടന്റ് സിത്താര പോള്‍, ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ കെ.സി ലേഖ, ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സല്‍ എ.പാര്‍വതി മേനോന്‍, സംവിധായിക അഞ്ജലി മേനോന്‍, എഴുത്തുകാരി ബി.എം സുഹറ, കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍ അംഗം അഡ്വ. പി വസന്തം, മുന്‍ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം അസി. കോച്ച് പി.വി പ്രിയ, കോഴിക്കോട് ഡയറ്റ് ലക്ചറര്‍ ഡോ കെ.എം സോഫിയ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതി എന്നിവര്‍ വിഷയാവതരണം നടത്തും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കമ്മിഷന്‍ അംഗങ്ങളായ, ഷാഹിദാ കമാല്‍, അഡ്വ. ഷിജി ശിവജി, സോണിയ വാഷിങ്ടണ്‍, അഡ്വ എം.എസ് താര തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനം
മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ വിദ്യാർഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസിൽ 10 നകം അപേക്ഷ നൽകണം.
കുടുംബശ്രീ ‘കേരള ചിക്കൻ’ വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും
ഹോർമോൺ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കൻ’ പദ്ധതിയിൽ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഗുണമേ•യുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്ന പദ്ധതിയിൽ 75,02,13,231.12 രൂപയുടെ വിറ്റുവരവാണ് നടന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയമായ പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. പാലക്കാട്, മലപ്പുറം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് പുതിയതായി പദ്ധതി നടപ്പിലാക്കുക.
2017 നവംബറിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ ഫാമുകളിൽ നിന്നും വളർച്ചയെത്തിയ ബ്രോയിലർ ചിക്കൻ ‘കേരള ചിക്കൻ’ ബ്രാൻഡഡ് വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.
കേരള ചിക്കൻ വലിയ വിജയമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിഭ ധനസഹായ പദ്ധതി: അപേക്ഷ ഏഴ് വരെ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഏഴ് വരെ നൽകാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗോകുൽ ജി. നായർ- 9746969210, അരുൺ കുമാർ. കെ.ആർ- 8075749705, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ: cmscholarshipdce@gmail.com.
ഐ.ടി.സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ (രണ്ട് ഒഴിവ്) നിയമിക്കുന്നു. വിശദവിവരങ്ങൾ വ്യാവസായിക പരിശീലന വകുപ്പ് വെബ്‌സൈറ്റിൽ (https://det.kerala.gov.in) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ ബസ് ഡിപ്പോയ്ക്ക് എതിർവശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 16ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.
യു.എ.ഇയിൽ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റർ ഗാർട്ടൻ വനിതാ അധ്യാപകരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in ൽ മാർച്ച് 10 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.
