കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 4 മണി വരെയാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. കെ എസ്‌ യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് റെയിൽവേ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രതികളുമായി ഇന്ന് തന്നെ റെയിൽവേ സ്റ്റേഷനിലടക്കം തെളിവെടുപ്പ് നടത്തും. വധശ്രമം ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കാതിരുന്നത്.കേസിൽ ആരോഗ്യമന്ത്രിയുടെ മൊഴിയടക്കം രേഖപ്പെടുത്താനുണ്ട്. മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.

അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ മന്ത്രിയ്ക്ക് പരുക്കേറ്റതായുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *