മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തിക്കെതിരെ നിയമനടപടിക്കൊരുങ്ങി അജേഷ്. കുട്ടികൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് ജപ്തി നടപടികൾ സ്വീകരിച്ച ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അജേഷ് പ്രതികരിച്ചു. മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് കുട്ടികൾ ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കുട്ടികളെ കേൾക്കാതെ അവരെ പുറത്താക്കിയാണ് ജപ്തി നടന്നതെന്ന് അജേഷ് പറഞ്ഞു. ഹൃദ്രോഗിയായ അജേഷ് ആശുപത്രയിൽ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്.വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.

തന്റെ കടബാധിത തീർക്കാൻ സന്നദ്ധനായ എം എൽ എ മാത്യു കുഴൽനാടന് അജേഷ് നന്ദി അറിയിച്ചു. ബാങ്ക് ജീവനക്കാർ വായ്പാ കുടിശിക അടച്ച് തീർത്തത് ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്ന് അജേഷ് പറഞ്ഞു. വീടിൻറെ വായ്പാ കുടിശിക ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കഴിഞ്ഞ ദിവസമാണ് തിരിച്ചടച്ചത്. അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ തന്റെ കട ബാധ്യത തീർക്കാൻ ബാങ്കിലെ ജീവനക്കാർ ശേഖരിച്ച പണം വേണ്ടെന്ന് അജേഷ് ഇന്നലെ പ്രതികരിച്ചിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാർ രംഗത്തെത്തിയതെന്നും സംഭവത്തിൽ അവർ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *