മീഡിയ വണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി. വിളക്കിന്റെ കാരണം സീൽഡ് കവറിൽ മാത്രം വിശദീകരിച്ചത് നീതീകരിക്കാനാവില്ലെന്നും ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്നും ബെഞ്ച് ചൂണ്ടികാട്ടി
കൂടാതെ, നാലാഴ്ച്ചയ്ക്കകം ചാനലിന്റെ ലൈസൻസ് പുതുക്കി നൽകണമെന്ന് കോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്.
‘ദേശീയ സുരക്ഷാ’ വാദം പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതിനായി ഉന്നയിക്കപ്പെടുന്നത് നിയമവാഴ്ച്ചയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കോടതിപറഞ്ഞു.
വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കേണ്ടതാണ് ദേശീയ സുരക്ഷ വാദം, വസ്തുതകളുടെ അഭാവത്തിൽ അത്തരമൊരു വാദമുഖം തുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റു മാർഗങ്ങളുണ്ടെങ്കിൽ സീൽഡ് കവർ നടപടിക്രമം ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
‘ചാനലിന്റെ ഷെയർ ഹോൾഡേഴ്സിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന വാദം തെളിയിക്കാൻ സാധിച്ചിട്ടില്ല.’
വസ്തുതകൾ പൗരന്മാരെ അറിയിക്കാനുള്ള കടമ മാധ്യമങ്ങൾക്കുണ്ട്. സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പറയാനാകില്ല. അങ്ങനെ പറയുമ്പോൾ മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണക്കണമെന്ന് വ്യഖ്യാനിക്കും. കരുത്തുറ്റ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. ചാനലിന്റെ ഷെയർ ഹോൾഡേഴ്സിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന വാദം തെളിയിക്കാൻ സാധിച്ചിട്ടില്ല. ഇനി അഥവാ ബന്ധമുണ്ടെങ്കിലും അത് ചാനലിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനാവശ്യമായ കാരണമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
. വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെ മീഡിയാ വൺ സമർപ്പിച്ച സ്‌പെഷ്യൽ ലീവ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.