അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നവീന്‍ തോമസ്, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മരിച്ച നവീന്റെ ലാപ്ടോപ്പില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.ചില വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചതായാണ് വിവരം. മൂന്നുപേരും
മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായിരുന്നു. ഇവര്‍ മരിക്കാനായി തെരഞ്ഞെടുത്ത സിറോ താഴ്വരയിലെ ഹോട്ടലിന് സമീപം ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നവീന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മീനടം വലിയ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചടങ്ങ്.
നവീന്റെ ലാപ്ടോപ്പില്‍ നിന്ന് കണ്ടെത്തിയ പിഡിഎഫില്‍ കോഡ് ഭാഷയിലാണ് ദുര്‍മന്ത്രവാദത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. 2021ലാണ് നവീന്‍ സജീവമായി ചില ഗ്രൂപ്പുകളുമായി ബന്ധപ്പെടാന്‍ തുടങ്ങുന്നത്. ടെലഗ്രാം ഗ്രൂപ്പില്‍ കോഡ് ഭാഷയിലാണ് രേഖകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് പൊലീസ് വിശദമായി പരിശോധിക്കും. നവീനും ആര്യയും നിരന്തരമായി ബന്ധപ്പെട്ട ഡാര്‍ക്ക് നെറ്റ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. മരിക്കാനായി മൂവരും തെരഞ്ഞെടുത്ത ദിവസത്തെ സംബന്ധിച്ചും പൊലീസ് ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *