ഐപിഎല്‍ 2024ല്‍ നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം രാജസ്ഥാനിലെ വനിതകള്‍ക്ക് സമർപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. ‘പിങ്ക് പ്രോമിസ്’ ചലഞ്ചിന്‍റെ ഭാഗമായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് റോയല്‍സിന്‍റെ ഈ പദ്ധതി. നാളെ ഇരു ടീമുകളിലെയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറ് വീടുകളില്‍ വീതം സോളാർ സംവിധാനം രാജസ്ഥാന്‍ റോയല്‍സ് ഉറപ്പ് നല്‍കുന്നു. നാളെ സവിശേഷ ജേഴ്സി അണിഞ്ഞാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലെത്തുക. മത്സര കിറ്റ് പുറത്തിറക്കിക്കൊണ്ടുള്ള ആകർഷകമായ വീഡിയോ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഗ്രാമങ്ങളെ വികസനത്തിലേക്ക് കൈപിടിച്ചുനടത്തിയ സ്ത്രീ ജീവിതങ്ങള്‍ക്കും പോരാട്ടത്തിനുമുള്ള ആദരവും സൗരോര്‍ജ്യം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗവുമായാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പിങ്ക് പ്രോമിസ്. 2019ല്‍ സ്ഥാപിതമായ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. വെള്ളവും വൈദ്യുതിയും താമസ സൗകര്യങ്ങളും മാനസികാരോഗ്യവും ഉറപ്പാക്കി രാജസ്ഥാനിലെ സ്ത്രീകളെ ശക്തിപ്പെടുത്തുകയാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. പിങ്ക് പ്രോമിസ് മത്സരത്തിന്‍റെ പ്രത്യേക ജേഴ്സി വില്‍പനയിലൂടെ ലഭിക്കുന്ന തുകയും ഓരോ ടിക്കറ്റില്‍ നിന്നും 100 രൂപ വീതവും ടീം റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *