മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ പരാതി നല്‍കി യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പിഡിപി നേതാവ് അഷ്‌റഫ് വാഴക്കാലയും പരാതി നല്‍കിയിട്ടുണ്ട്. തൃക്കാക്കര എ.സിപിക്കാണ് പരാതി നല്‍കിയത്. പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി പൊലീസ് മേധാവിക്ക് പരാതി നല്‍കി.

മലപ്പുറം ജില്ലക്കെതിരെയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷപ്രസംഗം. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്ന് അദ്ദേഹം പറഞ്ഞു. ചുങ്കത്തറയില്‍ നടന്ന എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ കണ്‍വെന്‍ഷനിലാണ് വിവാദ പ്രസംഗം.

”നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്‌കൂളുണ്ടോ…എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല” വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *