എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബേപ്പൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ. പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതൽ നടുവട്ടം വരെയാണ് റോഡ് ഷോ. കുന്നത്തുനാട്, കാട്ടാക്കട മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നടുവട്ടം പാൽ കമ്പനിക്കു മുന്നിൽ അവസാനിച്ചു. വാദ്യ മേളങ്ങളുടെയും കേരളീയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട് പൊതുസമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും. വൈകിട്ട് 6.15 ന് കട്ടാകടയിൽ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തിൽ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലിൽ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും.
നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയിൽ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്ക്വയർ മുതൽ മാതാ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.
