കുഴല്‍പ്പണ കേസിലും മറ്റും നിഷ്പക്ഷമായ ഒരു അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന് എം.പി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കെ.സുരേന്ദ്രന് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ. മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണമുള്‍പ്പടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം നല്കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണെന്നും മുരളീധരന് വ്യക്തമാക്കി.
കേസില്‍ ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയേര്‍ഡ് ചെയ്ത ഒരു ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടക്കം ഈ അന്വേഷണം ചെന്നെത്തിയേക്കാമെന്നും മുരളീധരന് പറഞ്ഞു.
കേസില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
