ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ടാണെന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് രാഹുലിനെ കാണുന്നുവെന്നും, അദ്ദേഹത്തിന്റെ സഹോദരിയായതില്‍ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളെ ഒറ്റക്ക് നേരിടുന്ന രാഹുലിന്റെ കാര്‍ട്ടൂണും കുറിപ്പിനൊപ്പം അവര്‍ പങ്കുവെച്ചു.

”അവര്‍ എന്ത് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ തലയുയര്‍ത്തി നിന്നു. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവര്‍ സംശയിച്ചപ്പോഴും നിങ്ങള്‍ സത്യത്തിനു വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടുപോയി. നിങ്ങളെ മറികടക്കാനായി അവര്‍ വെറുപ്പും വിദ്വേഷവും ചൊരിഞ്ഞപ്പോഴും, നിങ്ങള്‍ പ്രകോപിതനായില്ല. സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തില്‍ നിന്നുള്ള കരുണകൊണ്ടും നിങ്ങള്‍ പോരാടി. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് നിങ്ങളെ കാണുന്നു. എന്നാല്‍ ഞങ്ങളില്‍ ചിലര്‍ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്. രാഹുല്‍, നിങ്ങളുടെ സഹോദരി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു” -പ്രിയങ്ക കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗംഭീര ജയം സ്വന്തമാക്കി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്ന് 3.9 ലക്ഷം വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെ രാഹുല്‍ തോല്‍പ്പിച്ചത്. വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *