
ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവൻ നഷ്ടമായതിൽ അതിയായ ദുഖമുണ്ടെന്നും ആര്‍സിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. അപകട വിവരം അറിഞ്ഞപ്പോൾതന്നെ പ്രാദേശിക ഭരണകൂടത്തിന്‍റെ നിർദേശം അനുസരിച്ച് ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയെന്നും ആർസിബി പ്രസ്താവനയിൽ അറിയിച്ചു. ആര്‍സിബിയുപടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു.