തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ എംഎൽഎ വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ എ തുളസി രംഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട പക്വത എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ മാന്യത കണക്കിലെടുത്താണ് അപ്പോൾ പ്രതികരിക്കാതിരുന്നത്.
മറ്റ് തിരക്കുകളുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന എം.എൽ എയുടെ വിശദീകരണം പൂർണ്ണമായും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. “ഉന്നത പദവിയിലിരിക്കുന്ന ഒരാൾ കുറച്ചുകൂടി ഗൗരവത്തിലും പക്വതയോടെയും പെരുമാറണമായിരുന്നു. ഞാൻ ആ സ്ഥാനത്തായിരുന്നെങ്കിൽ ഒരിക്കലും അത്തരമൊരു വേദിയിൽ വെച്ച് അങ്ങനെ ചെയ്യില്ലായിരുന്നു” മന്ത്രി കെ എ തുളസി വ്യക്തമാക്കി.
വിവാദങ്ങൾക്ക് മറുപടിയുമായി വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. താൻ സ്വന്തം നിലയ്ക്കാണ് കുട്ടികൾക്കായി മിഠായി വാങ്ങി നൽകിയതെന്നും, വേഗത്തിൽ വിതരണം പൂർത്തിയാക്കാനാണ് മേശപ്പുറത്ത് മിഠായി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം ജാതി വിദ്വേഷമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ വിഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭ തല്ലിത്തകർത്തവർ തന്നെ ‘സംസ്കാരം’ പഠിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും എംഎൽഎ കുറിപ്പിൽ പരിഹസിച്ചു.
