ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചെമ്മണ്ണാറിലെ വീട്ടുമുറ്റത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടതിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം

പുലര്‍ച്ചെ നാല് മണിയോടെയാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിലെത്തിയത്. മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രന്‍ എഴുന്നേല്‍ക്കുകയും മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മല്‍പ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മോഷ്ടാവിനായി പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് രാജേന്ദ്രന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, രാജേന്ദ്രന്‍ പരിക്കുകളോടെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *