മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയൊൻപത് വർഷം . പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ച് കൊണ്ട് വായനക്കാരുടെ ഹൃദയത്തിൽ ചേക്കേറിയ എഴുത്തുകാരനാണ് ബഷീർ. ഭാവനയെക്കാൾ അനുഭവങ്ങളുടെ ചെറിയ ഏടുകളാണ് ബഷീർ കഥകളിലേക്ക് വായനക്കാരെ അടുപ്പിച്ചത്.
ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന്, ശബ്ദങ്ങൾ, പ്രേമലേഖനം, മതിലുകൾ തുടങ്ങി ബഷീറിന്‍റെ കൃതകളെല്ലാം തന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യർക്ക് മാത്രം അവർകാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീർ തന്‍റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു. പാമ്പും പഴുതാരയും പല്ലിയുമൊക്കെ ഈ ഭൂമിയുടെ അവകാശികളാണെന്ന മഹനീയ സന്ദേശം ബഷീർ മുന്നോട്ടുവെച്ചു.
ബഷീറിന്‍റെ കഥകൾ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്റയും, ന്‍റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻനായരും തോമയും അങ്ങനെ പോകുന്നു ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങൾ. ഇവരൊക്കെ വായനപ്രേമികൾക്ക് ചിരപരിചതരായത് ബഷീറിന്‍റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെ തന്നെയാണ്. അതിനുശേഷം ഇന്ത്യയിലാകെയും അറബിനാട്ടിലും ആഫ്രിക്കയിലുമൊക്കെ സഞ്ചരിച്ച അദ്ദേഹം ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയാടി. മനുഷ്യജീവിതകളെ കൂടുതൽ ആഴത്തിൽ തൊട്ടറിഞ്ഞു. ഈ അനുഭവങ്ങളൊക്കെ അദ്ദേഹത്തിന്‍റെ എഴുത്തുകളെ ഏറെ സ്വാധീനിച്ചു.
1908 ജനുവരി 21ന് വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ കായി അബ്ദുറഹ്‌മാൻ, കുഞ്ഞാത്തുമ്മ എന്നിവരുടെ ആറുമക്കളിൽ മൂത്തയാളായാണ് ബഷീറിന്‍റെ ജനനം. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.