കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ മൂന്ന് ഗര്‍ഭിണികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വനം വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഗര്‍ഭിണികളില്‍ ഒരാള്‍ കാട്ടില്‍ വച്ച് തന്നെ പ്രസവിച്ചിരുന്നു. വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. ഇവരെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.

അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇവരിപ്പോള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയതായും അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയില്‍ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *