മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു. 10 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായി. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകള്‍ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും.

അതേസമയം, സംസ്ഥാനത്തെ നിരവധി ഡാമുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഇന്ന് തുറന്നു. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. കരുതലോടെ ഘട്ടം ഘട്ടമായാണ് ഇത്തവണ ഡാമുകള്‍ തുറന്നത് എന്നതിനാല്‍ എവിടെയും പ്രളയഭീതിയില്ല.

സംസ്ഥാനത്ത് മഴയ്ക്ക് ഇന്ന് ശമനമുണ്ടായി. ഇടുക്കി മുതല്‍ കാസര്‍കോടുവരെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. വിവിധ ജില്ലകളിലായി ഏഴായിരത്തോളംപേര്‍ 221 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *