സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി രംഗത്ത്. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

സര്‍ക്കാര്‍ സഹായത്തിലെ സിനിമകളില്‍ ഒന്നരക്കോടി രൂപയുടെ മൂല്യം കാണാന്‍ കഴിഞ്ഞില്ല. നാല് സിനിമകള്‍ കണ്ടതാണെന്നും ഒന്നിലും ആ മൂല്യം തോന്നിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.

പുഷ്പവതിയെ എനിക്ക് അറിയില്ല എന്നും എന്റെ അറിവില്ലായ്മ ആയിരിക്കാം എന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളിക്ക് ലൈംഗിക ദാരിദ്ര്യം ആണെന്നും ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ കാണാന്‍ എത്തുന്ന പലരും അത്തരം രംഗങ്ങള്‍ കാണാന്‍ വരുന്നവര്‍ ആണെന്നും ശ്രീകുമാരന്‍ തമ്പി ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു ഗുണവും ഉണ്ടായില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ആരോപണം നടത്തിയവര്‍ തന്നെ അത് പിന്‍വലിച്ചു. അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സദസിലുണ്ടായിരുന്ന ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമര്‍ശത്തെ എഴുന്നേറ്റ് നിന്ന് ചോദ്യം ചെയ്തു. അതേസമയം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച ഗായിക പുഷ്പവതിക്കെതിരെ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. തന്റെ സംസാരം തടസ്സപ്പെടുത്താനും സിനിമ കോണ്‍ക്ലെവില്‍ പങ്കെടുക്കാനും എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്ന് അടൂര്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *