മുംബൈ ആഡംബര കപ്പലില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് നായരെ ആര്യൻ ഖാൻ്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി എൻ സി ബി. ശ്രേയസ് നായർക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻസിബി പറഞ്ഞത്. സ്ഥിരമായി ഇയാൾ ലഹരി മരുന്ന് എത്തിച്ച് നൽകിയിരുന്നു. ഇടപാടുകൾക്ക് വാട്ട്സ് ആപ്പ് ചാറ്റിൽ കോഡ് ഭാഷ ഉപയോഗിച്ചു. ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസിൽ ഇന്ന് അറസ്റ്റിലായെന്നും എന്‍സിബി പറഞ്ഞു. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായ അര്‍ബാസ് മെര്‍ച്ചന്റുമായി എന്‍സിബി സംഘം തെളിവെടുപ്പ് തുടരുകയാണ്.ലഹരിപാര്‍ട്ടി കേസില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്. ആഡംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് എത്തിച്ചുനല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഈ റെയ്ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കേസിൽ ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് എൻസിബി കോടതിയിൽ പറഞ്ഞത്. ഒരാഴ്ച കൂടി ആര്യൻ ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബി ആവശ്യപ്പെട്ടത്. വാട്‍സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മുതൽ അറസ്റ്റിലായവർക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി പറഞ്ഞു.വലിയ തോതിൽ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റിൽ കോഡ് വാക്കുകളിൽ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എൻസിബി കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *