പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്‍റെ മരണത്തിൽ അറസ്റ്റിൽ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണിൽ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാൽ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വാദിച്ചു.കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇനി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.

കേസിൽ അറസ്റ്റിലായ അമ്മു സജീവൻറെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നൽകിയിരുന്നു. അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. ഇതിനിടെ, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം പൊലീസ് ചുമത്തിയിരുന്നു. അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. അമ്മുവും അറസ്റ്റിലായ മൂന്നു വിദ്യാർഥിനികളും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇവർക്കിടയിലെ തർക്കങ്ങൾ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി. വിദ്യാർത്ഥിനികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായി, പണം നഷ്ടപ്പെട്ടു തുടങ്ങി പലവിധ കുറ്റങ്ങൾ അമ്മൂവിന്‍റെ മേൽ കെട്ടിവെക്കാൻ ശ്രമം ഉണ്ടായി. ഏറ്റവും ഒടുവിൽ ടൂർ കോഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തതിനെയും മൂവർ സംഘം ശക്തമായ എതിർത്തു. തുടർച്ചയായ മാനസിക പീഡനം മകൾക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് പിതാവ് രേഖ മൂലം കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *