കോഴിക്കോട് മുന്‍ എംഎല്‍എ എം.കെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അയല്‍ക്കാരും ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. പ്രേംനാഥിനെ ആദ്യം കൊണ്ടുപോയ കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്.എം.കെ പ്രേംനാഥിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യത്തിലെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തൊട്ടടുത്തുള്ള ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്തേക്കാണ് പ്രേംനാഥിനെ ഒപ്പമുണ്ടായിരുന്നവര്‍ ആദ്യം കൊണ്ടുപോയത്. നേരത്തെ ഒരാള്‍ ഡോക്ടറുടെ അടുത്ത് പോയി കാര്യം പറയുകയും അദ്ദേഹം കൊണ്ടുവരാന്‍ പറയുകയും ചെയ്തിരുന്നുവെന്നും ഇവര്‍ പറയുന്നു. വാതില്‍ തുറന്ന് അകത്തേക്ക് കയറിയപ്പോള്‍ പ്രേംനാഥ് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. ഈ സമയം കസേര മാറ്റിയിട്ടപ്പോള്‍ ഡോക്ടര്‍ ക്ഷുഭിതനാവുകയും പഴയ ചികിത്സാ രേഖകള്‍ എവിടെയെന്ന് ചോദിക്കുകയും ചെയ്തു. അത്യാഹിത ഘട്ടത്തില്‍ രേഖകള്‍ എടുക്കാന്‍ പറ്റിയില്ലെന്നും പെട്ടെന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുവന്നതാണെന്നും പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാതെ തങ്ങളെ ആട്ടിപ്പുറത്താക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.വടകര മുൻ എംഎൽഎയും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു എംകെ പ്രേംനാഥ്. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര റൂറൽ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.മുഖം കോടിയത് ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് പോലും മനസിലാവുന്ന മസ്‍തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്നും കൊണ്ടുപോയവര്‍ പറയുന്നു. അതേസമയം ഡോക്ടറുടെ വിശദീകരണം ഒരു ഓഡിയോ ക്ലിപ്പായി ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മുന്‍ എംഎല്‍എ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും നിപ സാഹചര്യത്തില്‍ എല്ലാവരും മാസ്ക് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നുമുള്ള ഡോക്ടറുടെ വിശദീകരണത്തെയും ഇവര്‍ ചോദ്യം ചെയ്യുന്നു. ഇതേ ഡോക്ടറെ നേരത്തെ പ്രേംനാഥ് കാണിച്ചിരുന്നതായും മനസിലായില്ലെങ്കില്‍ പിന്നെ പഴയ രേഖകള്‍ ചോദിച്ചത് എന്തിനാണെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *