സുഹൃത്തിന് അശ്‌ളീല സന്ദേശമയച്ചതിന് കൊലപ്പെടുത്തിയ ആരാധകൻ രേണുക സ്വാമിയുടെ പ്രേതം ജയിലിൽ തന്നെ ശല്യപ്പെടുത്തുന്നതായി കേസിലെ പ്രതിയും കന്നഡ സൂപ്പര്‍താരവുമായ ദര്‍ശന്‍ തൊഗുദീപ. പേടിച്ചിട്ട് ജയിലില്‍ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും ദര്‍ശന്‍ പരാതിപ്പെട്ടു. ബെല്ലാരി ജയിലില്‍ രേണുകസ്വാമിയുടെ ആത്മാവുണ്ടെന്നാണ് ദര്‍ശന്‍ പറയുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വരുന്നതായും തന്നെ വേട്ടയാടുന്നതായും ദർശൻ പറഞ്ഞെന്നാണ് ബെല്ലാരി ജയിൽ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്. സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത് നേരിടാനും മറികടക്കാനും തനിക്ക് ബുദ്ധിമുട്ടാണെന്നും ദർശൻ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. പുലർച്ചെ ഉറക്കത്തില്‍ ദർശൻ നിലവിളിക്കുന്നതും പേടിച്ചലറുന്നതും കേട്ടതായും റിപ്പോർട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പ്രാര്‍ഥനകളും നടത്തി.
നേരത്തേ ബെംഗളൂരുവിലെ ജയിലിലായിരുന്നു ദർശൻ. ഇവിടെ കൂട്ടാളികൾക്കൊപ്പം സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് താരത്തെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ഇവിടെ മറ്റാരുമായി ബന്ധപ്പെടാൻ കഴിയാത്തവിധമുള്ള സെല്ലിൽ ഒറ്റയ്ക്ക് പാർപ്പിക്കുകയായിരുന്നു ദർശനെ. സെല്ലിൽ സൗകര്യങ്ങൾ വേണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ നിരാകരിച്ച അധികൃതർ കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുമാത്രമേ സൗകര്യങ്ങൾ അനുവദിക്കാനാവൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.