കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. കിണറ്റിൽ വീണ ഒരാളെ രക്ഷിക്കാൻ ഇറങ്ങിയ നാല് പേർ ഉൾപ്പെടെയാണ് അഞ്ച് പേർ മരിച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവമുണ്ടായത്. ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് സുന്ദർ കർമാലി (36) എന്ന യുവാവ് തന്‍റെ മോട്ടോർ സൈക്കിൾ ആൾമറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാർഹി പൊലീസ് സ്റ്റേഷൻ ഓഫീസർ ഗൗതം കുമാർ പറഞ്ഞു. വാഹനത്തിലെ പെട്രോൾ കിണറ്റിലെ വെള്ളത്തിൽ കലർന്നു. സുന്ദറിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി നാല് പേർ കിണറ്റിൽ ഇറങ്ങി. കിണറ്റിലെ വിഷ വാതക സാന്നിധ്യം ഇവർ അറിഞ്ഞിരുന്നില്ല. അഞ്ചു പേരും കിണറിനുള്ളിൽ മരിച്ചു. സുന്ദർ കർമാലിക്ക് പുറമെ രാഹുൽ കർമാലി (30), ബിഷ്ണു കർമാലി (28), പങ്കജ് കർമാലി (26), സൂരജ് ഭൂയാൻ (26) എന്നിവരാണ് മരിച്ചത്.

പൊലീസെത്തി എല്ലാവരെയും ചാർഹി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എല്ലാവരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കിണറ്റിലെ വിഷ വാതകം ശ്വസിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റിമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഗൗതം കുമാർ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *