മുസ്ലിം ലീഗിനെതിരെ വിവാദ പ്രസ്താവനയുമായി സിപിഐഎം നേതാവ് ഡോക്ടര്‍ പി സരിന്‍. ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുകയാണ് ലീഗുകാര്‍ എന്നാണ് പരാമര്‍ശം. സിപിഐഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം.

ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക് മാത്രം ഫണ്ട് അനുവദിക്കുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി. ഈ നാടിനെ 21 വാര്‍ഡുകളായി മാറ്റിയപ്പോള്‍ അവിടെപ്പോലും മതം കുത്തിക്കയറ്റിയ രാഷ്ട്രീയ പ്രസ്താനമാണ് ലീഗ്. ഇത് നമ്മള്‍ തിരിച്ചറിയണം. ലീഗിന് വോട്ട് കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ജനങ്ങളുടെ മുന്നില്‍ ഉത്തരമുണ്ടായിരിക്കണം – സരിന്‍ പറഞ്ഞു.

ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്ന വോട്ടിന് തുല്യമായി മാറുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. പത്തിരുപത് കൊല്ലം മുന്‍പ് ബിജെപിക്കാരനെന്ന് പറയാന്‍ മടിയുള്ളവരാണ് ഉണ്ടായിരുന്നത്. ആ മടി മാറിക്കൊണ്ട്, നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയാകാമെങ്കില്‍ ഞങ്ങള്‍ക്കുമാകാമെന്ന് പറഞ്ഞ് മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ടുവന്ന്, മുസ്ലീം ലീഗ് സമം മുസ്ലീമെന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നു.

എന്നാല്‍, ഹിന്ദു സമം ബിജെപി എന്നാക്കിക്കളയാമെന്ന് പറഞ്ഞ് അവരും അവരുടെ വഴിക്ക് വളരാന്‍ ലീഗ് വളമിട്ടു കൊടുക്കുകയാണ്. വഴിവെട്ടിക്കൊടുക്കുകയാണ്. ആ രാഷ്ട്രീയത്തെയാണ് തോല്‍പ്പിക്കേണ്ടത്. മതം പറഞ്ഞല്ല, ജാതി പറഞ്ഞല്ല നേരും നെറിയും നോക്കി ആളുകളെ തിരഞ്ഞെടുക്കാന്‍, നിലപാട് നോക്കി വോട്ട് ചെയ്യാന്‍ നമുക്ക് കഴിയണം – സരിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *