തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷിനെ സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് വിളിപ്പിച്ചു താക്കീത് ചെയ്തു. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിലടക്കം കമ്മീഷണർ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ്.ഐ ഗോകുലിനെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, സംഭവത്തിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. സംഘർഷത്തിന് നേതൃത്വം നൽകിയെന്നും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചില്ലെന്നും ആരോപിച്ച് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റ വേണു എന്ന വിദ്യാർത്ഥി പരാതി നൽകും. തലസ്ഥാനത്ത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികൾക്കെതിരെ എസ്.എഫ്.ഐ ഇന്ന് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജിയും സമർപ്പിക്കും.
എസ്.എഫ്.ഐ നേതാക്കളെ പോലീസ് തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയാണെന്നും, തിരുവനന്തപുരത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടും. കന്റോൺമെന്റ് സി.ഐക്കും എസ്.ഐക്കുമെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. അതിനിടെ, പോലീസുകാരുടെ വീടുകളിലേക്ക് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താത്കാലികമായി അവസാനിപ്പിക്കാൻ എസ്.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്.
