ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

പത്ത് ദിവസത്തിനകം മറുപടി പറയണമെന്നും കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു. ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ മാറ്റം വരുത്താൻ കമ്മീഷന് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, അത്തരം അനുമതികളൊന്നും നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം പരിശോധിക്കുമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശനമായി ഇടപെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച വിശദീകരണവും കോടതി തേടിയിട്ടുണ്ട്.

പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ മരവിപ്പിക്കണമെന്ന ആവശ്യവും കോടതി കേൾക്കും. സുതാര്യതയില്ലാത്ത തീരുമാനങ്ങൾ കാരണം രാജ്യം പ്രതിഷേധത്തിൽ കത്തുകയാണെന്നും, 2023-ലെ നിയമഭേദഗതിയിലൂടെ കമ്മീഷണർക്ക് ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് നൽകിയിട്ടുള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *