കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദ്ദിച്ച രണ്ടാമത്തെയാളും കസ്റ്റഡിയിൽ. തലശ്ശേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുട്ടിയെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുളളത്.

ശിഹ്ഷാദ് എന്ന യുവാവ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കുട്ടിയെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിച്ചതായി കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ സംഭവം നന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞ് വിട്ടതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ പരിശോധന തുടങ്ങി. മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ശിഹ്ഷാദിനെ 14 ദിവസത്തേക്ക് ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *