തിരുവനന്തപുരം: നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻഗണന പട്ടികയാവശ്യപ്പെട്ടുള്ള കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രൻ അറിയിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും മേയർ അറിയിച്ചു. ‘നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. ഇത്തരം ശ്രമങ്ങൾ നേരത്തേയും ഉണ്ടായിരുന്നു. ആക്ഷേപം ശ്രദ്ധയിൽപ്പെട്ടതോടെ ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.’ എന്നും പത്രക്കുറിപ്പിലൂടെ മേയർ വ്യക്തമാക്കി.
പുറത്ത് വന്ന കത്ത് വിവാദമായതോടെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മേയർ അറിയിച്ചിരുന്നു. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചത്. അങ്ങനെയൊരു കത്ത് തന്റെ കയ്യിൽ കിട്ടിയിട്ടില്ല. ഇങ്ങനെയൊരു കത്ത് എഴുതാൻ പാടില്ലെന്നും കത്തിന്റെ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. മേയർക്ക് അങ്ങനെയൊരു കത്ത് എഴുതാൻ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂർ നാഗപ്പൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവർത്തകരെ നിയമിക്കാൻ മുൻഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ പേരിലുള്ള കത്തായിരുന്നു പുറത്തുവന്നത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. കത്ത് പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനമാണ് മേയർക്കെതിരെ ഉയർന്നിരിക്കുന്നത്.
