റെയില്‍വേ ട്രാക്കില്‍ ശുചീകരണത്തിനിടെ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം കാണിച്ചാണ് കത്തയച്ചത്. റെയില്‍വേ കരാര്‍ ജീവനക്കാരുടെ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം എന്നും കത്തില്‍ പറയുന്നു.

ഷോര്‍ണൂര്‍ റെയില്‍വേ ട്രാക്കില്‍ ശുചീകരണത്തിനിടെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ കൃത്യമായ ബോധവല്‍ക്കരണമോ ഇല്ലാതെയാണ് റെയില്‍വേ ട്രാക്കില്‍ തൊഴിലാളികള്‍ ശുചീകരണം നടത്തിയത്.

സംഭവത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും, റെയില്‍വേ ശുചീകരണത്തിന് എത്തുന്ന കരാര്‍ ജീവനക്കാര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങളും ബോധവല്‍ക്കരണവും കൃത്യമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. തിരുവനന്തപുരത്ത് റെയില്‍വേ ഭൂമിയിലെ ഓട വൃത്തിയാക്കുന്നതിനിടെ ആമയിഴഞ്ചാന്‍തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണമടക്കം പരാമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്.

Leave a Reply

Your email address will not be published. Required fields are marked *