ചേർത്തലയിൽ സൗജന്യ ഭക്ഷ്യ കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ചേർത്തല നഗരസഭയിലെ 25 വാർഡ് അംഗമായ എം എ സാജുവിനെതിരെയാണ് പൊലീസ് നടപടി. കുറ്റകരമായ വഞ്ചന കുറ്റമടക്കം വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യും.
ചേർത്തല നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് സാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചതി കുറ്റകരമായ വഞ്ചനാ കുറ്റം എന്ന വകുപ്പുകൾ ആണ് ചുമത്തുന്നത്. 2023 മുതൽ 44 തവണ ഭക്ഷ്യ കിറ്റ് അടിച്ചുമാറ്റി എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
നഗരസഭയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ സൗജന്യ കിറ്റ് ലഭിക്കുന്നില്ല എന്ന നഗരസഭ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെയും വാർഡ് മെമ്പറായ സാജുവിൻ്റെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി.
മുൻസിപ്പൽ സെക്രട്ടറിയുടെ മൊഴിയും രേഖപ്പെടുത്തും അതോടൊപ്പം നഗരസഭയിൽ നിന്നും തെളിവുകളും ശേഖരിച്ചു. കോൺഗ്രസ് നേതൃത്വം വാർഡ് മെമ്പർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും. തട്ടിപ്പുകൾ നടത്താൻ കോൺഗ്രസ് നേതൃത്വം സഹായിക്കുകയാണ് എന്നും ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും ചേർത്തലയിൽ തുടങ്ങി.
ഡിവൈഎഫ്ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി ഭിക്ഷ തെണ്ടി ശേഖരിച്ച പണം പ്രതിപക്ഷ നേതാവ് വി ഡി സതീശന് അയച്ചുകൊടുക്കും എന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഡിവൈഎഫ്ഐ നേതൃത്വത്തിന്റെ തീരുമാനം.
