കൊച്ചി: “വേടന് പോലും അവാർഡ് നൽകി” എന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി റാപ്പറും ഗാനരചയിതാവുമായ വേടൻ രംഗത്ത്. മന്ത്രിയുടെ വാക്കുകൾ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ തുറന്നടിച്ചു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും വേടൻ വ്യക്തമാക്കി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് മന്ത്രി ഈ പരാമർശം നടത്തിയത്, ഇത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
തനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് വേടൻ പറഞ്ഞു. ഈ പുരസ്കാരത്തെ താൻ വലിയ അംഗീകാരമായാണ് കാണുന്നത്. യാതൊരു രാഷ്ട്രീയ പിന്തുണയുടെയും ഭാഗമായല്ല പുരസ്കാരം ലഭിച്ചതെന്നും, താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിജീവിതത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വേടൻ സമ്മതിച്ചു. തുടർച്ചയായ കേസുകൾ തൻ്റെ ജോലിയെ ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത്. ലൈംഗികപീഡന കേസുകൾ നേരിടുന്ന ഒരാൾക്ക് സംസ്ഥാന പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്ക് നടുവിൽ, വേടൻ്റെ ‘പാട്ടിലൂടെയുള്ള മറുപടി’ക്കായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയും ചലച്ചിത്ര ലോകവും.
