സ്‌കൂള്‍ കലോത്സവങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയ കൂടിയാട്ടത്തിൽ ആചാര്യന്‍ പൈങ്കുളം നാരായണ ചാക്യാര്‍ക്ക് ഇത് തന്റെ 33-ാം കലോത്സവം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ടത്തത്തില്‍ മത്സരിക്കുന്ന പതിനാലില്‍ പത്ത് ടീമുകളും പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് അരങ്ങിലെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ കലോത്സവത്തിനുണ്ട്.

1986ല്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് കൂടിയാട്ടത്തില്‍ പരിശീലനം നേടിയ ചാക്യാര്‍ കലോത്സവ വേദികളില്‍ കൂടിയാട്ടം എന്ന കലയുടെ പ്രചാരണത്തിന് വലിയ പങ്കു വഹിച്ച വ്യക്തി കൂടിയാണ്. 1987 മുതല്‍ കലോത്സവ വേദികളില്‍ ശിഷ്യഗണങ്ങളുമായി എത്തുന്നുണ്ട് നാരായണ ചാക്യാര്‍.

2010 വരെ കൂടിയാട്ടം എന്നത് യുനെസ്‌കോ അംഗീകരിച്ച കേരളത്തിലെ ഏക പൈതൃക കലയായിരുന്നു. കലോത്സവവേദികളില്‍ കൂടിയാട്ടം വന്നതോടെ കല അഭ്യസിക്കാനുളള ആളുകളുടെ താല്‍പര്യം വലിയ തോതില്‍ കൂടിയെന്ന് നാരായണ ചാക്യാര്‍ പറയുന്നു. മത്സരം എന്നതിലുപരി കൂടിയാട്ടം എന്ന കലയിലേക്ക് പുതുതലമുറയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ഇഷ്ടം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതാണ് കലോത്സവങ്ങളിലെ പങ്കാളിത്തത്തിലൂടെ പൈങ്കുളം നാരായണ ചാക്യാര്‍ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *