മുൻമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലു തവണ എംഎൽഎയും അതിൽ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിൻ്റെ ശബ്ദമായിരുന്നു എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞ് എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ – പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കർ സ്പീക്കർ എ എൻ ഷംസീറും അനുശോചിച്ചു. മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജി കർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യ മതേതര സമൂഹത്തിന്
അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്ടം തന്നെയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *