ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതു 38-ാം തവണയാണ് സുപ്രീം കോടതി ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിശ്ചയിക്കുന്ന ഏതു ദിവസവും വാദത്തിനു തയ്യാറെന്ന് സിബിഐ അറിയിച്ചു.

ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *