കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാവിനെ കലക്ടറേറ്റിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ തിപ്പംപട്ടി പഞ്ചായത്തിലെ നരിക്കുരവർ സമുദായാംഗങ്ങളിൽ ഒരാളെയാണ് പരാതി പറയാനെത്തിയപ്പോൾ കറുത്ത വസ്ത്രം ധരിച്ചെന്ന കാരണത്താൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞതെന്ന് ഇവർ ആരോപിച്ചു. പ്രതിവാര പരാതി പരിഹാര യോഗത്തിൽ കലക്ടർക്ക് നിവേദനം നൽകാൻ എത്തിയതായിരുന്നു 11 അംഗ സംഘം.ഇതിൽ ഒരാളെ പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. കറുപ്പ് ഷർട്ടിന് പകരം മറ്റൊരു ഷർട്ട് ധരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടതായും കറുപ്പ് പ്രതിഷേധത്തിൻ്റെ പ്രതീകമാണെന്ന് പൊലീസ് പറഞ്ഞതായും പ്രവേശനം നിഷേധിക്കപ്പെട്ട വി സെൽവം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 23 വർഷം മുമ്പ് നിർമ്മിച്ച നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയിലെ സിമൻ്റ് മിശ്രിതം നശിച്ചുതുടങ്ങി. തകർന്ന വീടുകൾ പുനർനിർമിക്കാൻ സർക്കാരിൻ്റെ സഹായം തേടാനാണ് കളക്ടറേറ്റിലെത്തിയത്.എന്നാൽ, ഞാൻ കറുത്ത ഷർട്ട് ധരിച്ചെന്ന കാരണത്താൽ എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അമ്മാവൻ്റെ ഷർട്ട് വാങ്ങി ധരിച്ചാണ് ഞാൻ പ്രവേശിച്ചത്. അതുകൊണ്ടുതന്നെ അമ്മാവന് അകത്തേക്ക് കയറാനും സാധിച്ചില്ലെന്ന് സെൽവം പറഞ്ഞു. എന്നാൽ, കലക്ടറേറ്റിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയെ തുടർന്നായിരിക്കാം തടഞ്ഞതെന്ന് ഉദ്യോ​ഗസ്ഥൻ വിശദീകരിച്ചു. കറുത്ത ഷർട്ട് ധരിച്ച് എത്തുന്നവർ പെട്ടെന്ന് പ്രതിഷേധിക്കാറുണ്ടെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കളക്ടർ ക്രാന്തി കുമാർ പതി പറഞ്ഞു. കറുപ്പ് നിറത്തിലുള്ള വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിർദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *