മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ വിജയത്തിന് നന്ദിയും അറിയിച്ചു.
നേരത്തെ ഏറ്റവും വേഗത്തില്‍ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയില്‍നിന്ന് ഇതുവരെ 49.75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
11 ദിവസം കൊണ്ട് നൂറ് കോടിയിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘2018’നെ പിന്നിലാക്കിയാണ് ആടുജീവിതം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള സിനിമയായത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ലൂസിഫര്‍ എന്നിവ 12 ദിവസം കൊണ്ടാണ് നൂറുകോടിയിലെത്തിയത്. 13 ദിവസം കൊണ്ട് ഈ നേട്ടത്തിലെത്തിയ ‘പ്രേമലു’വാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 36 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.
ആഗോള ബോക്‌സോഫിസില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രം നിലവില്‍ ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സാണ്. 220 കോടിയിലധികമാണ് ഇതുവരെ നേടിയത്. ഇന്ത്യയില്‍നിന്ന് മാത്രം 150 കോടിയോളം ചിത്രം സ്വന്തമാക്കി. ഈ റെക്കോഡ് പൃഥ്വിരാജ് ചിത്രം മറികടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.