തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെ എസ് ആർ ടി സി തൊഴിലാളി യൂണിയൻ.
അഞ്ചാം തിയതി ശമ്പളം നൽകണമെന്ന കരാർ വ്യവസ്ഥ ലംഘനത്തിനെതിരെ ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ ഇരുപത്തിനാല് മണിക്കൂർ പണിമുടക്കുന്നത്. അതെ സമയം പണിമുടക്കിൽ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നൽകിയതോടെ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്.
കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ശമ്പളം നൽകാൻ അഞ്ച് ദിവസം സാവകാശം വേണമെന്ന മാനേജ്മെന്റിന്റെ നിർദ്ദേശം അംഗീകരിച്ചതിന് ശേഷമാണ് യൂണിയനുകൾ സമരം പ്രഖ്യാപിച്ചത്. പൊതുഗതാഗതത്തിനായി ബദൽ സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി. വിപണി വിലയ്ക്ക് ഡീസൽ നൽകാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.