ദില്ലി: കൊവിഡ് 19 വാക്‌സിൻ കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയിൽ പരാമർശിച്ചു. ഹർജികൾ ഉടൻ പരിഗണിക്കാമെന്നാണ് കോടതി അറിയിക്കുന്നത്. തീയതി പിന്നീട് അറിയിക്കുമെന്നും കോടതി. പാർശ്വഫലങ്ങൾ പഠിക്കണമെന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം.

കൊവിഡ് 19നെതിരായി നൽകി വന്നിരുന്ന കൊവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുള്ളതായി വാക്‌സിന്റെ നിർമ്മാതാക്കളായ ‘ആസ്ട്രാസെനേക്ക’ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു.

വാക്സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ (ത്രോമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ) സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശി നൽകിയ കേസിലാണ് കമ്പനിയുടെ സത്യവാങ്‌മൂലം.

ഈ വാർത്ത വലിയ രീതിയിലാണ് വിവാദങ്ങൾ സൃഷ്‌ടിച്ചത്. കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച വലിയൊരു വിഭാഗം പേരും ആശങ്കയിലാകുന്ന അവസ്ഥയാണ് ഇതോടെയുണ്ടായത്. ഈ വിഷയത്തിലാണ് സുപ്രീംകോടതിയിൽ ഹർജികളെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *