ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. 2,779 പേര്‍ രോഗമുക്തരായി. നിലവില്‍ ആകെ 25,782 പേരാണു രാജ്യത്തു കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ കേസുകളുടെ 0.06 ശതമാനം ആളുകളാണു ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി 45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

മഹാരാഷ്ട്രയും കേരളവുമാണ് കൊവിഡ് പ്രതിദിന കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. 1544 രോഗികളുളള കേരളമാണ് ആദ്യം. മഹാരാഷ്ട്രയില്‍ 1494 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് ഇതില്‍ 961ഉം മുംബൈയിലാണ്. ഡല്‍ഹിയിലും കൊവിഡ് വര്‍ദ്ധിക്കുകയാണ് 343 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും വീണ്ടും നിര്‍ബന്ധമാക്കി.

എന്നാല്‍, കേസുകളിലെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നാലാംതരംഗത്തിന്റെ സൂചനയല്ല ഇതെന്നും ഐ.സി.എം.ആര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡ പറഞ്ഞു. ജില്ലാതലത്തില്‍ ജാഗ്രതപാലിക്കണം. അഞ്ചുസംസ്ഥാനങ്ങളിലെ ഏതാനുംജില്ലകളില്‍ മാത്രമാണ് കേസുകള്‍ വര്‍ധിക്കുന്നതെന്നും ഈസംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ രോഗവ്യാപനം റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *