കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ അര്‍ജുന്‍ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ടിപി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയുമാണ് അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റുള്ളവരുടെ മൊഴിയില്‍ അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.
അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കണ്ണൂര്‍ സംഘത്തിന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് ഇലക്ട്രോണിക് തെളിവുകള്‍ കിട്ടി. ആഡംബര ജീവിതമാണ് അര്‍ജുന്‍ നടത്തിയിരുന്നത്. നിയമ വിരുദ്ധമായ വരുമാനത്തിന്റെ തെളിവാണിത്. സ്വര്‍ണക്കടത്തിന്റെ ആസൂത്രകന്‍ ആണ് അര്‍ജുന്‍ ആയങ്കിയെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയെന്ന ഗുരുതരമായ ആരോപണവും കസ്റ്റംസ് കസ്റ്റഡി അപേക്ഷയില്‍ ഉന്നയിക്കുന്നുണ്ട്. ഈ ബന്ധം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്‍ക്കുന്ന പ്രതികള്‍ യുവാക്കളെ സ്വാധീനിക്കാനും ഇത് ഉപയോഗിച്ചു എന്നും കസ്റ്റംസ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *